ശബരിമല സ്വർണ്ണ മോഷണക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കുന്നതിനുമായി പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡി അപേക്ഷ നൽകും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെങ്കിൽ കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം, കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം കോടതി പരിഗണിച്ചേക്കും.
തന്ത്രിയുടെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കണ്ഠരര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചാൽ തന്റെ ഉന്നത സ്വാധീനവും ആത്മീയ പരിവേഷവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ആചാരലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ ഒരാളെ ജാമ്യത്തിൽ വിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
സ്വർണ്ണക്കൊള്ള കേസിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ, ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ ഈ കേസിൽ ചതിച്ച് കുടുക്കിയതാണെന്നും താൻ പൂർണ്ണമായും നിരപരാധിയാണെന്നുമാണ് തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.



