കോട്ടയം ഉഴവൂരില്‍ സ്കൂട്ടറില്‍ സഞ്ചരിക്കവേ കൈവശമിരുന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു. ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപത്തുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന തോക്കിൽ പെട്ടെന്ന് പിടിച്ചതാണ് വെടി പൊട്ടാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ജോബിയുടെ പക്കലുണ്ടായിരുന്ന തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായി കുറവിലങ്ങാട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും രാത്രികാലത്ത് എന്തിനാണ് അദ്ദേഹം തോക്ക് കൈവശം വെച്ചതെന്ന കാര്യത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



