രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. താൻ നേരിട്ട മാനസിക പ്രയാസങ്ങൾ വിവരിച്ചുകൊണ്ട് അതിജീവിത സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലെ വരികൾ പതിപ്പിച്ച കപ്പ് ഉയർത്തിപ്പിടിച്ചാണ് മുഖ്യമന്ത്രി ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. രാഹുൽ തന്നെ ഭ്രൂണഹത്യയ്ക്ക് നിർബന്ധിച്ചു എന്നതടക്കമുള്ള ഗുരുതരമായ പരാതികൾ യുവതി ഉന്നയിച്ചിരുന്നു.
തന്നിൽ നിന്ന് ബലമായി പറിച്ചുമാറ്റപ്പെട്ട, ഭൂമിയിൽ പിറക്കാതെ പോയ തന്റെ കുഞ്ഞിനെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് സൂചിപ്പിക്കാൻ 'ലവ് യു ടു ദ മൂൺ ആൻഡ് ബാക്ക്' (Love you to the moon and back) എന്ന വാചകമാണ് അതിജീവിത പോസ്റ്റിൽ ഉപയോഗിച്ചിരുന്നത്. ഇതേ വരികൾ പ്രിന്റ് ചെയ്ത കപ്പുമായി നിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം വൈറലായതോടെ, തന്റെ ഉള്ളിലെ അടർത്തിമാറ്റപ്പെട്ട ജീവന്റെ തുടിപ്പാണ് ആ കപ്പിലെ വാചകങ്ങളെന്ന് അതിജീവിത പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഈ ചിത്രം അതിജീവിത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.



