കമ്യൂണിസത്തോടുള്ള തന്റെ രാഷ്ട്രീയ ചായ്‌വാണ് ആളുകൾക്ക് തന്നോട് ദേഷ്യം തോന്നാനും സമൂഹമാധ്യമങ്ങളിൽ വിമർശിക്കാനും പ്രധാന കാരണമെന്ന് നടി നിഖില വിമൽ. ഇടതുപക്ഷത്തോട് തനിക്ക് വ്യക്തമായ ആഭിമുഖ്യമുണ്ടെന്നും എന്നാൽ താനൊരു പാർട്ടിയുടെയും ഔദ്യോഗിക പ്രതിനിധിയല്ലെന്നും താരം വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
താൻ വളർന്ന സാഹചര്യമാണ് തന്റെ രാഷ്ട്രീയ ബോധ്യങ്ങളെ സ്വാധീനിച്ചതെന്ന് നിഖില പറയുന്നു. ഒരു ഇടതുപക്ഷ ഗ്രാമമായ കീഴാറ്റൂരിലാണ് താൻ ജനിച്ചുവളർന്നത്. ബാലസംഘത്തിൽ പ്രവർത്തിച്ചതും നാടിന്റെ പ്രത്യേകതകളും സ്വാഭാവികമായും ഇടത് ചായ്‌വ് ഉണ്ടാകാൻ കാരണമായി. താൻ വോട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിനാണെന്ന് മുൻപും പറഞ്ഞിട്ടുണ്ട്. എന്നാൽ 24 മണിക്കൂറും പാർട്ടിക്കായി പ്രവർത്തിക്കുന്ന നിരവധി പേരുണ്ടെന്നും അവരുടെ അധ്വാനത്തിന്റെ ക്രെഡിറ്റ് എടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും നിഖില കൂട്ടിച്ചേർത്തു.
മറ്റുള്ളവർക്ക് അവരുടെ രാഷ്ട്രീയ നിലപാടുകൾ ഉള്ളതുപോലെ തനിക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് താരം വ്യക്തമാക്കി. ഇടതുപക്ഷത്തോടുള്ള ഈ ചായ്‌വ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പലരും തന്നെ അധിക്ഷേപിക്കാനും ചീത്ത വിളിക്കാനും തുടങ്ങിയത്. പാർട്ടിയുടെ സജീവ പ്രവർത്തകയല്ലെങ്കിലും തന്റെ ഇഷ്ടങ്ങൾ തുറന്നു പറയുന്നതിൽ മടിയില്ലെന്നും നിഖില വിമൽ പറഞ്ഞു.



