D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മെമ്മറി കാര്‍ഡ് ചോര്‍ന്നത് ലോകം അറിഞ്ഞത് താൻ കാരണം, കോടതി പറയുന്നതെല്ലാം നുണ; അഡ്വ. ടി ബി മിനി
യാതൊരു പ്രകോപനവുമില്ലാതെ കോടതി തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും, ഒരു സീനിയർ അഭിഭാഷക എന്ന നിലയിൽ സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ ഹാജരാകാറില്ലെങ്കിലും...

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഉന്നയിച്ച വിമർശനങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി രംഗത്തെത്തി. താൻ വിചാരണ വേളയിൽ പത്തു ദിവസം മാത്രമാണ് ഹാജരായതെന്ന കോടതിയുടെ വാദം പൂർണ്ണമായും നുണയാണെന്ന് അവർ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ കോടതി തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും, ഒരു സീനിയർ അഭിഭാഷക എന്ന നിലയിൽ സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ ഹാജരാകാറില്ലെങ്കിലും അതിജീവിതയ്ക്ക് വേണ്ടി പ്രതിഫലം പോലും വാങ്ങാതെയാണ് താൻ കോടതിയിൽ എത്തിയതെന്നും അവർ വ്യക്തമാക്കി.

വിചാരണ സമയത്ത് കോടതിയിൽ എത്തുമ്പോൾ ടി.ബി. മിനി ഉറങ്ങുകയാണ് പതിവെന്നും കോടതിയെ ഒരു വിശ്രമകേന്ദ്രമായാണ് അവർ കാണുന്നതെന്നുമായിരുന്നു വിചാരണ കോടതിയുടെ ആക്ഷേപം. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ടി.ബി. മിനി പ്രതികരിച്ചു. കേസിലെ മെമ്മറി കാർഡ് ചോർന്ന വിവരം താൻ കാരണമാണ് പുറംലോകം അറിഞ്ഞത്. ഇതിലുള്ള വിരോധം തീർക്കാൻ പ്രതിഭാഗം തന്നെ വേട്ടയാടുന്നതിന്റെ തുടർച്ചയാണ് കോടതിയുടെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടാകുന്നതെന്നും അവർ കുറ്റപ്പെടുത്തി.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ അസാധാരണ വിമർശനങ്ങൾ ഉണ്ടായത്. അന്ന് ടി.ബി. മിനി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജഡ്ജി രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. എന്നാൽ താൻ പൊതുവേദിയിൽ കോടതിയെ വിമർശിച്ചിട്ടില്ലെന്നും ഹൈക്കോടതി ഈ വിഷയത്തിൽ വസ്തുതകൾ വിലയിരുത്തട്ടെയെന്നും അഡ്വ. ടി.ബി. മിനി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *