നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ വിചാരണക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസ് അതീവ ഗുരുതരമായ പരാമർശങ്ങൾ നടത്തിയത്. വിചാരണാ വേളയിൽ കേവലം പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും, കോടതിയിൽ ഇരിക്കുന്ന അരമണിക്കൂർ സമയം അവർ ഉറങ്ങുകയായിരുന്നു പതിവെന്നും കോടതി കുറ്റപ്പെടുത്തി.
വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നതെന്നും, കോടതിയിൽ കൃത്യമായി ഹാജരാകാതെയാണ് പുറത്തുപോയി കോടതി തെളിവുകൾ പരിഗണിക്കുന്നില്ലെന്ന് ആരോപിക്കുന്നതെന്നും കോടതി വിമർശിച്ചു. ഈ പരാമർശങ്ങൾ നടക്കുമ്പോഴും ടി.ബി. മിനി കോടതിയിൽ ഹാജരായിരുന്നില്ല. അവരുടെ ജൂനിയർ അഭിഭാഷകരാണ് അപ്പോൾ കോടതിയിലുണ്ടായിരുന്നത്.
വിചാരണക്കോടതിയുടെ വിമർശനത്തിനെതിരെ അഡ്വ. ടി.ബി. മിനി ശക്തമായി പ്രതികരിച്ചു. കേസിന്റെ തുടക്കം മുതൽ താൻ വിചാരണക്കോടതിയിൽ മുഴുവൻ സമയവും ഹാജരായിട്ടുണ്ടെന്നും അഞ്ച് വർഷത്തോളം തന്റെ ജീവിതം ഈ കേസിനായി മാറ്റിവെച്ചതാണെന്നും അവർ പറഞ്ഞു. കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒരു അഭിഭാഷകയോട് പറയാൻ പാടില്ലാത്തതാണെന്നും, കോടതിയുടെ നടപടി പക്വതയില്ലാത്തതാണെന്നും മിനി കൂട്ടിച്ചേർത്തു. കോടതിയുടെ വിമർശനങ്ങളെ ഹൈക്കോടതി വിലയിരുത്തട്ടെയെന്നും താൻ വ്യക്തിപരമായ തർക്കത്തിനില്ലെന്നും അവർ വ്യക്തമാക്കി.



