ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലടച്ചു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്ന് 26/2026 നമ്പർ തടവുകാരനായാണ് അദ്ദേഹം ജയിലിൽ കഴിയുക. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് ഇപ്പോൾ അറസ്റ്റ് നടപടിയുണ്ടായത്. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതോടെ നാളെ വീണ്ടും ജാമ്യത്തിനായി അപേക്ഷ നൽകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. മുൻപുണ്ടായിരുന്ന രണ്ട് കേസുകളിലും അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥരോട് രാഹുൽ വെല്ലുവിളി നടത്തിയതായി റിപ്പോർട്ടുകളുണ്ട്. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പുലർച്ചെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് നിലവിലെ നടപടി. 2024 ഏപ്രിൽ 24-ന് പത്തനംതിട്ടയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നും പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമാണ് യുവതിയുടെ മൊഴി. സംഭവത്തിൽ പോലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.



