മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചില്ല. ഇതേത്തുടർന്ന് മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നത്. രാഹുൽ സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന വ്യക്തിയാണെന്നും 'ഹാബിച്വൽ ഒഫൻഡർ' ആണെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം (SIT) നാളെ കസ്റ്റഡി അപേക്ഷ നൽകിയേക്കും.
അന്വേഷണത്തോട് രാഹുൽ പൂർണ്ണമായി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ, എല്ലാം അഭിഭാഷകൻ പറയുമെന്ന നിലപാടിലാണ് അദ്ദേഹം. എന്നാൽ പരാതിയിൽ പറയുന്ന തരത്തിലുള്ള പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നുമാണ് രാഹുലിന്റെ വാദം. നിലവിൽ മൂന്ന് ബലാത്സംഗ കേസുകളാണ് എംഎൽഎക്കെതിരെ ഉള്ളത്. ആദ്യത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസിൽ വിചാരണ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
ഇന്ന് പുലർച്ചെ അതീവ രഹസ്യമായാണ് പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നും രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ ഹോട്ടലിൽ വെച്ചാണ് ഷൊർണ്ണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം എംഎൽഎയെ പിടികൂടിയത്. ഹോട്ടൽ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്ത ശേഷം, സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്ത സമയം നോക്കിയായിരുന്നു പോലീസിന്റെ നീക്കം. കസ്റ്റഡിയിലെടുത്ത ശേഷം പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.



