ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവായി തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ എസ്‌ഐടി ഓഫീസിൽ വിളിച്ചുവരുത്തി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ നേരത്തെ പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കൊള്ളയടിക്കാൻ ഒത്താശ ചെയ്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. സ്വർണ്ണം മോഷ്ടിച്ച കാര്യം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും ഇതിൽ അദ്ദേഹത്തിന് നിർണ്ണായക പങ്കുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു.
തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 2018 മുതൽ ഇരുവരും തമ്മിൽ നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയിരുന്നതായും വിവരമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് എത്തിക്കുന്നതിനും അവിടെ സ്വാധീനം ഉറപ്പിക്കുന്നതിനും പിന്നിൽ പ്രവർത്തിച്ചത് തന്ത്രിയാണെന്നാണ് സൂചന. നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് പോറ്റി തന്ത്രിയുമായി ചർച്ചകൾ നടത്തിയിരുന്നു. സ്വർണ്ണപ്പാളികൾ പുറത്തേക്ക് കടത്താൻ ഉണ്ണികൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടതനുസരിച്ച് തന്ത്രി സൗകര്യമൊരുക്കി നൽകിയതായും ഗൂഢാലോചനയിൽ കൃത്യമായ പങ്കുണ്ടെന്നും എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു.
എ. പത്മകുമാർ, തന്ത്രി കണ്ഠരര് രാജീവര്, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ ചേർന്നാണ് ഈ വലിയ കൊള്ള ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉണ്ണികൃഷ്ണൻ പോറ്റിയെ പലയിടങ്ങളിലും ശുപാർശ ചെയ്തത് തന്ത്രിയാണെന്ന് ചില ക്ഷേത്ര ഭാരവാഹികളും മൊഴി നൽകിയിട്ടുണ്ട്. ശബരിമലയെ പിടിച്ചുലച്ച ഈ സ്വർണ്ണക്കൊള്ളക്കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.



