D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കണ്ഠരര് രാജീവർക്ക് കുരുക്കായി കട്ടിളപ്പാളി കേസ്; സ്വര്‍ണം കടത്തിയിട്ടും തന്ത്രി എതിര്‍ത്തില്ലെന്ന് SIT റിപ്പോർട്ട്
മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് തന്ത്രി വഴിവിട്ട ലാഭമുണ്ടാക്കിയെന്നും ഇതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.

ശബരിമല സ്വർണ്ണമോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ​ഗുരുതരമായ കണ്ടെത്തലുകൾ. ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയായെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. ശ്രീകോവിലിലെ കട്ടിളപ്പാളി സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വർണ്ണക്കൊള്ളയ്ക്ക് പുറമെ ശബരിമലയിലെ ആചാരലംഘനത്തിന് തന്ത്രി കൂട്ടുനിന്നുവെന്ന ഗുരുതരമായ ആരോപണവും എസ്‌ഐടി റിപ്പോർട്ടിലുണ്ട്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് തന്ത്രി വഴിവിട്ട ലാഭമുണ്ടാക്കിയെന്നും ഇതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള തന്ത്രിയുടെ അടുത്ത ബന്ധം തെളിയിക്കുന്ന രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. 2018 മുതൽ ഇരുവരും തമ്മിൽ നിരന്തരം കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് എത്തിക്കുന്നതിലും സന്നിധാനത്ത് സ്വാധീനം ഉറപ്പിക്കുന്നതിനും പിന്നിൽ പ്രവർത്തിച്ചത് തന്ത്രിയാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. സുപ്രധാനമായ പല തീരുമാനങ്ങളും തന്ത്രിയുമായി ആലോചിച്ചാണ് പോറ്റി നടപ്പിലാക്കിയിരുന്നത്.

ശ്രീകോവിലിനുള്ളിലെ സ്വർണ്ണപ്പാളികൾ പുറത്തേക്ക് കടത്താൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രി വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തു എന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന പരാമർശം. സ്വർണ്ണക്കൊള്ളയെക്കുറിച്ച് തന്ത്രിക്ക് കൃത്യമായ അറിവും സമ്മതവുമുണ്ടായിരുന്നുവെന്നും ഗൂഢാലോചനയിൽ അദ്ദേഹം സജീവ പങ്കാളിയായിരുന്നുവെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു. തന്ത്രിയുടെ അറസ്റ്റോടെ ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കൂടുതൽ ഉന്നതർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *