യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി നിയന്ത്രിക്കുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള മുൻ മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചു. കേരളത്തിന്റെ മുൻകാല അനുഭവങ്ങളിൽ ഊന്നിയാണ് ബാലൻ സംസാരിച്ചതെന്നും മാറാട് കലാപത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയത എക്കാലവും എതിർക്കപ്പെടേണ്ടതാണെന്നും ആര് വർഗീയത പറഞ്ഞാലും തങ്ങൾ അതിനെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാറാട് കലാപം നടന്ന സമയത്ത് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പോലും അവിടേക്ക് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ആർ.എസ്.എസിന്റെ എതിർപ്പ് ഭയന്നാണ് കുഞ്ഞാലിക്കുട്ടിയെ അവിടേക്ക് കൊണ്ടുപോകാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. അധികാരം ലക്ഷ്യമിട്ട് യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്ര നിലപാടുകളുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന ബാലന്റെ പരാമർശത്തിൽ തെറ്റില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
വർഗീയ സംഘർഷങ്ങളെ നേരിടുന്നതിൽ യുഡിഎഫ് പരാജയമാണെന്നും എന്നാൽ വർഗീയ ശക്തികൾക്കെതിരെ തന്റെ സർക്കാർ കടുത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ബിജെപിയും തങ്ങളും ഒരേ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന ആരോപണങ്ങളെ അദ്ദേഹം തള്ളി. തങ്ങൾ കേരളത്തിന്റെ മതനിരപേക്ഷത ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപിക്കും രാജീവ് ചന്ദ്രശേഖറിനും അതിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



