തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. എട്ട് കമ്മിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടർന്ന് ശ്രീലേഖയുടെ വോട്ട് നഷ്ടമായത്. ബാലറ്റ് പേപ്പറിന് പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന കർശന നിബന്ധന പാലിക്കാതിരുന്നതാണ് വോട്ട് അസാധുവാകാൻ കാരണമായത്. മറ്റ് ഏഴ് കമ്മിറ്റികളിലും ഇവർ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.
തന്നെ മേയറാക്കാത്തതിലുള്ള അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ സംഭവം നടന്നതെന്നത് ശ്രദ്ധേയമാണ്. മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം വി.വി. രാജേഷിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതിലുള്ള നിരാശ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ വന്ന പിഴവ് ബോധപൂർവമാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.



