D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘മലപ്പുറം ജില്ല വിഭജിക്കണം, അത് മതപരമായ കണ്ണിലൂടെ കാണരുത്’; ഖലീൽ ബുഖാരി തങ്ങൾ
മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ജില്ല നേരിടുന്ന അവഗണനയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ലാ വിഭജനം റവന്യൂ സൗകര്യങ്ങൾക്കും വിഭവങ്ങളുടെ നീതിപൂർവ്വമായ വിതരണത്തിനും അനിവാര്യമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്ര ഈ ആവശ്യം പ്രധാനമായും മുന്നോട്ടുവെക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ജില്ലാ വിഭജനത്തെ മതപരമായ കണ്ണിലൂടെ കാണരുതെന്നും, മലപ്പുറം ജില്ലയിലെ ജനങ്ങളുടെ ന്യായമായ ആവശ്യമായി ഇതിനെ പരിഗണിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ജില്ല നേരിടുന്ന അവഗണനയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറത്ത് സ്കൂളുകൾ ഇല്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോടും ബുഖാരി തങ്ങൾ പ്രതികരിച്ചു. എസ്.എൻ.ഡി.പിക്ക് ജില്ലയിൽ സ്കൂളുകൾ ഇല്ലെങ്കിൽ അത് നൽകണമെന്നാണ് തങ്ങളുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മലപ്പുറത്ത് എ.പി വിഭാഗത്തിന് ഒരു എയ്ഡഡ് സ്കൂൾ പോലും നിലവിലില്ലെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി. ആർക്കൊക്കെയാണ് വിഭവങ്ങളും സ്ഥാപനങ്ങളും ലഭിച്ചതെന്ന് വ്യക്തമാക്കാൻ സർക്കാർ ഒരു ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

സമസ്തയിലെ രണ്ട് വിഭാഗങ്ങളുടെയും ലയനത്തെക്കുറിച്ചും അദ്ദേഹം സൂചന നൽകി. ഇരുവിഭാഗവും നൂറാം വാർഷിക ആഘോഷങ്ങളുടെ തിരക്കിലാണെന്നും, അതിനുശേഷം ലയന ചർച്ചകൾ നടത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ മതപരമായി തെറ്റാണെന്ന നിലപാടിൽ മാറ്റമില്ല. എന്നാൽ വെൽഫെയർ പാർട്ടിയുമായി രാഷ്ട്രീയ പാർട്ടികൾ സഖ്യമുണ്ടാക്കണോ എന്നത് അതത് പാർട്ടികൾ തീരുമാനിക്കേണ്ട കാര്യമാണെന്നും, അതിൽ എ.പി സമസ്തയ്ക്ക് പ്രത്യേക അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *