D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മേയർ ആക്കാമെന്നു പറഞ്ഞു, പോടാ പുല്ലേ പറയാത്തത് ജയിപ്പിച്ചവരെ ഓർത്ത് ; ശ്രീലേഖ
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖയുടെ ഈ തുറന്നുപറച്ചിൽ.

തിരുവനന്തപുരം മേയർ സ്ഥാനം നൽകാത്തതിൽ ബിജെപി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്തെത്തി. മേയർ സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നോട് മത്സരരംഗത്തിറങ്ങാൻ ആവശ്യപ്പെട്ടതെന്നും എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി നിലപാട് മാറ്റിയെന്നും അവർ കുറ്റപ്പെടുത്തി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖയുടെ ഈ തുറന്നുപറച്ചിൽ.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടിയുടെ മുഖമായി തന്നെ ഉയർത്തിക്കാട്ടുകയും താൻ മേയറാകുമെന്ന് മാധ്യമങ്ങളിലടക്കം ചർച്ചകൾ വരികയും ചെയ്തിരുന്നു. ഒരു കൗൺസിലർ മാത്രമായിരിക്കാനല്ല, മറിച്ച് മേയർ സ്ഥാനത്തേക്കാണ് തന്നെ പരിഗണിച്ചത്. എന്നാൽ അവസാന നിമിഷം വി.വി. രാജേഷിനെ മേയറായും ആശാ നാഥിനെ ഡെപ്യൂട്ടി മേയറായും തീരുമാനിക്കുകയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമുണ്ടെന്ന് പറഞ്ഞ് തന്നെ ഒഴിവാക്കിയപ്പോൾ രൂക്ഷമായി പ്രതികരിക്കാൻ തോന്നിയെങ്കിലും, തന്നെ ജയിപ്പിച്ച വോട്ടർമാരോടുള്ള ആത്മാർത്ഥത കാരണമാണ് സംയമനം പാലിക്കുന്നതെന്ന് ശ്രീലേഖ വ്യക്തമാക്കി.

സത്യപ്രതിജ്ഞാ ചടങ്ങിനിടെ വി.വി. രാജേഷ് ചുമതലയേൽക്കും മുൻപ് ശ്രീലേഖ വേദിവിട്ടത് നേരത്തെ വിവാദമായിരുന്നു. എന്നാൽ അത് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു എന്നാണ് അന്ന് നൽകിയ വിശദീകരണം. ഇപ്പോൾ തന്റെ അതൃപ്തി പരസ്യമാക്കിയ ശ്രീലേഖ, വോട്ടർമാരോടുള്ള കൂറ് പ്രമാണിച്ച് അഞ്ചുവർഷം കൗൺസിലറായി തുടരുമെന്നും ഈ മാറ്റങ്ങൾ ചിലപ്പോൾ നല്ലതിനായിരിക്കാം എന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *