പാലക്കാട് കൂറ്റനാട് വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പുളിക്കൽ വീട്ടിൽ അലിമോന്റെ മകൾ ആയിഷ ഹിഫ (11) ആണ് ദാരുണമായി മരണപ്പെട്ടത്. വട്ടേനാട് ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിനിയാണ് ആയിഷ.
തിങ്കളാഴ്ച കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്തായിരുന്നു അപകടം സംഭവിച്ചത്.
വീട്ടിലുണ്ടായിരുന്ന മുത്തശ്ശിമാർ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിൽ വ്യായാമത്തിനായി തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ കുരുങ്ങിയ നിലയിൽ ആയിഷയെ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃത്താല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വ്യായാമത്തിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.



