D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വെള്ളാപ്പള്ളിയെ കൂടെക്കൂട്ടാൻ ബിജെപി; വീട്ടിലെത്തി പ്രകാശ് ജാവദേക്കർ
വെള്ളാപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന വിമർശനങ്ങൾക്കെതിരെ രാഷ്ട്രീയമായ പ്രതിരോധം തീർക്കാൻ ബിജെപി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വെള്ളാപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന വിമർശനങ്ങൾക്കെതിരെ രാഷ്ട്രീയമായ പ്രതിരോധം തീർക്കാൻ ബിജെപി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ വിവിധ രാഷ്ട്രീയ കോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. മതപരമായ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയെ കൂട്ടുപിടിക്കുന്നത് ഇടത് മുന്നണിക്ക് തിരിച്ചടിയാണെന്നും അദ്ദേഹം വർഗീയവാദിയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. എന്നാൽ, വെള്ളാപ്പള്ളിയെ പൂർണ്ണമായും തള്ളാൻ സി.പി.എം തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടുകളിൽ മതനിരപേക്ഷമായ കാര്യങ്ങൾ സ്വീകരിക്കുമെന്നും എന്നാൽ യോജിക്കാൻ കഴിയാത്തവ തള്ളുമെന്നുമാണ് എം.എ. ബേബി, എം.വി. ഗോവിന്ദൻ എന്നിവർ വ്യക്തമാക്കിയത്.

മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം സംബന്ധിച്ച് വെള്ളാപ്പള്ളി നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുസ്ലിം സമുദായത്തിൽ ഈഴവ വിദ്വേഷം പടർത്തി മതസൗഹാർദം തകർക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും, അടുത്ത തവണ ഭരണം ലഭിച്ചാൽ മാറാട് മാതൃകയിൽ കലാപം നടത്താനാണ് അവരുടെ പദ്ധതിയെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *