പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത നടപടിയിൽ കടുത്ത പ്രതിഷേധവുമായി യുഡിഎഫ് അസോസിയേറ്റ് അംഗം പി.വി. അൻവർ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിനെതിരെ വൈരാഗ്യബുദ്ധിയോടെയാണ് നീങ്ങുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പറവൂർ മണ്ഡലത്തിലെ പുനർജനി പദ്ധതിയിൽ വിദേശനാണയ ചട്ടലംഘനം ആരോപിച്ചുള്ള ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് അൻവർ കുറ്റപ്പെടുത്തി.
കഴിഞ്ഞ നാലര വർഷമായി സതീശൻ പ്രതിപക്ഷ നേതാവായി ഇരുന്നിട്ടും ഉണ്ടാകാത്ത അന്വേഷണ താല്പര്യം ഇപ്പോൾ വരാനുള്ള കാരണം മലയാളികൾക്ക് വ്യക്തമാണെന്ന് അൻവർ പരിഹസിച്ചു. മുഖ്യമന്ത്രി ഓരോ തവണ പ്രതിസന്ധിയിലാകുമ്പോഴും രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേസുകളും അന്വേഷണങ്ങളും കൊണ്ടുവരുന്നത് പതിവാണെന്നും അദ്ദേഹം ആരോപിച്ചു. ഇടത് മുന്നണി വിട്ടതിന് പിന്നാലെ തനിക്കെതിരെയും സമാനമായ രീതിയിൽ സംസ്ഥാനത്തുടനീളം കേസുകൾ രജിസ്റ്റർ ചെയ്ത അനുഭവം ചൂണ്ടിക്കാട്ടിയാണ് അൻവറിന്റെ പ്രതികരണം.
രാജാവ് പ്രതിസന്ധിയിലാകുമ്പോൾ അതിർത്തിയിൽ യുദ്ധങ്ങൾ ഉണ്ടാകുന്നത് പോലെ, ഈ സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഇനിയും പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങളും കേസുകളും ഉണ്ടാകുമെന്ന് കേരളം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനുമെതിരെ വരുന്ന ഏത് ആക്രമണങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ താനും തന്റെ പ്രസ്ഥാനവും സന്നദ്ധമാണെന്നും പി.വി. അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.



