വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുന്നതിനായുള്ള കോൺഗ്രസിന്റെ നിർണായക നേതൃയോഗം വയനാട് സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചു. സ്ഥാനാർഥി നിർണ്ണയത്തിനുള്ള ആദ്യഘട്ട പട്ടിക ഈ മാസം 20-നകം തയ്യാറാക്കുമെന്ന് യോഗത്തിൽ തീരുമാനമായി. യുഡിഎഫിന്റെ വിജയസാധ്യതകളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ യോഗത്തിൽ സംസാരിച്ചു.
മൂന്നാം പിണറായി ഭരണത്തെക്കുറിച്ച് മുൻപ് പലരും പറഞ്ഞിരുന്നെങ്കിലും ജനങ്ങൾ നിലപാട് വ്യക്തമാക്കിയതോടെ അത്തരം സംസാരങ്ങൾ അവസാനിച്ചുവെന്ന് കെ.സി. വേണുഗോപാൽ പരിഹസിച്ചു. സി.പി.എമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്നും, കേരള ചരിത്രത്തിൽ രണ്ട് ശക്തരായ എതിരാളികളെ ഒരേസമയം നേരിടേണ്ടി വരുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയും സി.പി.എമ്മും ഒത്തുചേർന്ന് കോൺഗ്രസിനെയാണ് ലക്ഷ്യം വെക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം എൽഡിഎഫിന്റെ പ്രതീക്ഷകളെ തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയത്തിന് വിജയസാധ്യത മാത്രമായിരിക്കും മാനദണ്ഡമെന്നും ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി. ഇത്തവണ നൂറിലധികം സീറ്റുകൾ നേടുകയാണ് ലക്ഷ്യം. യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലായിരിക്കും പട്ടിക തയ്യാറാക്കുക. അടുത്ത നാലുമാസം വിശ്രമമില്ലാതെ പ്രവർത്തിക്കണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.



