അബുദബിയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളുൾപ്പെടെ നാല് മലയാളികൾ മരിച്ചു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടിലെ സഹായിയായ മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.
അബുദബിയിൽ ഒരു ആഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം താമസസ്ഥലമായ സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടികളുടെ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. പ്രവാസി സമൂഹത്തെ ഒന്നടങ്കം നോവിക്കുന്ന വാർത്തയാണിത്.



