പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ ഭർത്താവ് രംഗത്ത്. തൻ്റെ കുടുംബജീവിതം തകർത്തുവെന്ന് ആരോപിച്ച് യുവാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. വിവാഹിതയാണെന്നറിഞ്ഞിട്ടും തൻ്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും ഇത് കേവലം രണ്ട് മാസം മാത്രം നീണ്ടുനിന്ന തങ്ങളുടെ ദാമ്പത്യം തകരാൻ കാരണമായെന്നും പരാതിയിൽ പറയുന്നു.
തൻ്റെ അസാന്നിധ്യം മുതലെടുത്ത് രാഹുൽ ഭാര്യയെ വശീകരിക്കുകയായിരുന്നുവെന്നും ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെന്ന രാഹുലിൻ്റെ വാദം തെറ്റാണെന്നും യുവാവ് ആരോപിക്കുന്നു. രാഹുലിൻ്റെ ഇടപെടലുകൾ മൂലം സ്വകാര്യ ജീവിതം പൊതുമധ്യത്തിൽ ചർച്ചയാകുകയും കുടുംബത്തിൻ്റെ അഭിമാനത്തിന് ക്ഷതമേൽക്കുകയും ചെയ്തു. മാനസികമായും സാമ്പത്തികമായും താൻ വലിയ തകർച്ച നേരിട്ടുവെന്നും ബിഎൻഎസ് 84-ാം വകുപ്പ് പ്രകാരം രാഹുലിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.



