തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചതോടെ ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായി. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ അയോഗ്യനാക്കിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം നിയമസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കും. ജയിൽ ശിക്ഷയ്ക്ക് പുറമെ അടുത്ത ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും അദ്ദേഹത്തിന് വിലക്കുണ്ടാകും.
19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മുൻ മന്ത്രിക്കെതിരെ ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. വിധിക്കെതിരെ പ്രതികരിച്ച ആന്റണി രാജു, കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്ന് അഭിപ്രായപ്പെട്ടു.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും തൊണ്ടിമുതലിൽ കൃത്രിമം കാണിക്കുകയും ചെയ്തു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. 1990-ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച ചരസുമായി ഓസ്‌ട്രേലിയൻ പൗരൻ പിടിയിലായിരുന്നു.
അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ക്ലർക്കിനെ സ്വാധീനിച്ച്, തൊണ്ടിമുതലായ അടിവസ്ത്രം കോടതിക്ക് വെളിയിൽ കൊണ്ടുപോയി വെട്ടി ചെറുതാക്കി തിരികെ വെച്ചുവെന്നാണ് കണ്ടെത്തൽ. ഈ വസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കാണിച്ച് മുൻപ് ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു. ഒരു ജനപ്രതിനിധിയും കോടതി ഉദ്യോഗസ്ഥനും ചേർന്ന് നടത്തിയ ഈ ഗൂഢാലോചനയാണ് ഇപ്പോൾ ശിക്ഷയിലേക്ക് നയിച്ചിരിക്കുന്നത്.



