തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. മൂന്ന് വർഷം തടവ് ലഭിച്ചതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാകുമെന്നും അയോഗ്യനാക്കപ്പെടുമെന്നും ഉറപ്പായി. കേസിലെ രണ്ട് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വിധി പറയാൻ കേസ് മേൽക്കോടതിയിലേക്ക് മാറ്റണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ കോടതി തള്ളി.
വിധിയോട് പ്രതികരിച്ച ആന്റണി രാജു, താൻ നിരപരാധിയാണെന്നും കോടതികളിൽ നിരപരാധികൾ ശിക്ഷിക്കപ്പെടാറുണ്ടെന്നും പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നടപടികൾ വീണ്ടും തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഒരു ജനപ്രതിനിധിയും കോടതി ഉദ്യോഗസ്ഥനും ചേർന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ആസൂത്രിതമായ കുറ്റമാണ് തെളിയിക്കപ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു.
1990 ഏപ്രിൽ നാലിന് അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ചു കടത്തിയ ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷിക്കാൻ ആന്റണി രാജു ഇടപെട്ടുവെന്നാണ് കേസ്. പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു, തൊണ്ടി ക്ലർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതലായ അടിവസ്ത്രം കോടതിക്ക് പുറത്തുകൊണ്ടുപോയി വെട്ടി ചെറുതാക്കി തിരികെ വെയ്ക്കുകയായിരുന്നു. വസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കാണിച്ച് വിദേശിയെ കേസിൽ നിന്ന് രക്ഷിക്കാനായിരുന്നു ഈ കൃത്രിമം നടത്തിയത്. നീണ്ട 19 വർഷത്തെ നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.



