സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയും ലോട്ടറി വില്പനക്കാരനുമായ തങ്കരാജ് (60) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബർ 24-ന് കോട്ടയം നാട്ടകം കോളേജ് കവലയിൽ വെച്ചായിരുന്നു അപകടം.
മദ്യലഹരിയിൽ അമിതവേഗതയിൽ സിദ്ധാർത്ഥ് ഓടിച്ച കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് തങ്കരാജിനെ ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. അപകടത്തിന് പിന്നാലെ നാട്ടുകാരോടും പോലീസിനോടും തട്ടിക്കയറിയ സിദ്ധാർത്ഥിനെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വൈദ്യപരിശോധനയിൽ താരം മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിക്കുകയും ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
അപകടമുണ്ടായ ഉടൻ സിദ്ധാർത്ഥിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. തങ്കരാജ് മരിച്ച സാഹചര്യത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി നടനെ വീണ്ടും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. 'തട്ടീം മുട്ടീം', 'ഉപ്പും മുളകും' തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ താരത്തെ പരമ്പരയിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.



