D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണം വരെ കവർന്നു; ശബരിമലയിൽ നടന്നത് വമ്പൻ കൊള്ള

ശബരിമലയിൽ നടന്നത് വൻ സ്വർണ്ണക്കൊള്ളയാണെന്ന സൂചനകൾ നൽകുന്ന റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതിയിൽ സമർപ്പിച്ചു. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ ഏഴ് പാളികളിലുള്ള സ്വർണവും കട്ടിളയ്ക്ക് മുകളിലുള്ള ശിവ വ്യാളി രൂപങ്ങളിൽ പൊതിഞ്ഞ സ്വർണവും കവർന്നതായാണ് കണ്ടെത്തൽ.

ഈ സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് വേർതിരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികൾ ഇതുവരെ ഹാജരാക്കിയതിനേക്കാൾ കൂടുതൽ സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്നും ഇതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്ഐടി അറിയിച്ചു. കേസിലെ പ്രതിയും സ്മാർട്ട് ക്രിയേഷൻസ് സിഇഒയുമായ പങ്കജ് ഭണ്ഡാരി പണിക്കൂലിയായി ലഭിച്ച സ്വർണം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാൻ ആരും വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്ക് യാതൊരു ഭയവുമില്ലെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എസ്ഐടിക്ക് മുന്നിൽ ഹാജരായി തന്റെ ഭാഗം വിശദീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement