നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പുതുവർഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങളിൽ ചക്രക്കസേരകൾ വിതരണം ചെയ്തു. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടാണ് വിതരണോദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്തയും പാലാ ശ്രീരാമകൃഷ്ണമഠാധിപതി വീതസംഗാനന്ദ സ്വാമിയും ചേർന്ന് ഭദ്രദീപം തെളിയിച്ചു. സ്വാസ്ഥ്യം എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം നൽകിയത്.
ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമേകുക എന്ന ലക്ഷ്യത്തോടെ 16 വർഷം മുമ്പാണ് മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സ്ഥാപിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള നിരവധി ചികിത്സാ സഹായങ്ങളും ഫൗണ്ടേഷൻ നൽകി വരുന്നുണ്ട്. ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിൽ ഫൗണ്ടേഷന്റെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. റൂബിൾ രാജ്, റോയി മാത്യു വടക്കേൽ, ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ, ജോർജ് വർഗീസ് നെടുമാവ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.



