D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പിറന്നാൾ ആഘോഷത്തിനായി എത്തി, സ്ഥാന വസ്ത്രം ധരിച്ചതായിരുന്നു പൊലീസ് കണ്ട കുറ്റം: അറസ്റ്റിലായ മലയാളി വൈദികൻ
പോലീസിനെ കൂടി ഒപ്പം കൂട്ടിയാണ് അവർ എത്തിയതെന്നും അതിനാൽ കൂടുതൽ മർദ്ദനമേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞുവെന്നും വൈദികൻ പറഞ്ഞു.

മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിലിറങ്ങിയ മലയാളി വൈദികൻ ഫാദർ സുധീർ ജോൺ വില്യംസ് താൻ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചു. ബജ്‌റംഗ്ദൾ പ്രവർത്തകർ മുൻകൂട്ടി പ്ലാൻ ചെയ്താണ് അന്ന് പ്രശ്നമുണ്ടാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രാമത്തിൽ നിന്ന് നാല് കിലോമീറ്റർ മാറിയുള്ള ലോനി എന്ന സ്ഥലത്തുനിന്നുള്ളവരാണ് പ്രാർത്ഥന തടസ്സപ്പെടുത്തിയത്. പോലീസിനെ കൂടി ഒപ്പം കൂട്ടിയാണ് അവർ എത്തിയതെന്നും അതിനാൽ കൂടുതൽ മർദ്ദനമേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞുവെന്നും വൈദികൻ പറഞ്ഞു.

മതപരിവർത്തനവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ വർഷവും അത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. കേക്ക് മുറിക്കുന്നതിനൊപ്പം സാധാരണയായി പാടാറുള്ള ക്രിസ്മസ് ഗാനങ്ങളാണ് അന്നും പാടിയത്.

സ്ഥാനവസ്ത്രം ധരിച്ചു എന്നതായിരുന്നു തങ്ങൾക്കെതിരെ പോലീസ് ഉന്നയിച്ച ഒരു ആരോപണമെന്നും, രാജ്യത്ത് എന്നാണ് ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നത് നിരോധിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. സ്റ്റേഷനിൽ വെച്ച് ഒരു മാനുഷിക പരിഗണനയും ലഭിച്ചില്ലെന്നും എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ പ്രതികൂലമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ കാണാൻ എത്തിയ സുഹൃത്തുക്കളെപ്പോലും പോലീസ് ഉപദ്രവിച്ചതായും ഇത്രയും ഭീകരമായ അനുഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement