D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മലയാളി വൈദികനെ അറസ്റ്റ് ചെയ്ത സംഭവം; കേസെടുത്തത് പ്രദേശവാസിയുടെ വാക്കാലുള്ള മൊഴിയെ തുടർന്ന്
വിശ്വാസിയുടെ വീട്ടിൽ നടന്ന ചടങ്ങിനിടെ ബജരംഗ് ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും വൈദികനെ തടഞ്ഞുവെക്കുകയുമായിരുന്നു.

മഹാരാഷ്ട്രയിലെ അമരാവതിയിൽ മലയാളി വൈദികൻ ഫാദർ സുധീർ ജോൺ വില്യംസിനെയും സംഘത്തെയും മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത് പ്രദേശവാസിയായ ദേവീദാസ് റാവു ശിൻഡെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന് റിപ്പോർട്ട്. ഒരു വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥന നടക്കുന്നതിനിടെ അവിടെയെത്തിയ ആറംഗ സംഘം മതം മാറിയാൽ പണവും ജോലിയും നൽകാമെന്ന് വാഗ്ദാനം ചെയ്തതായി പരാതിക്കാരൻ ആരോപിക്കുന്നു.

ഭാരതീയ ന്യായ സംഹിതയിലെ (BNS) 299, 302 വകുപ്പുകൾ പ്രകാരം മതവികാരം വ്രണപ്പെടുത്തുക, മതസ്പർദ്ധ ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. വിശ്വാസിയുടെ വീട്ടിൽ നടന്ന ചടങ്ങിനിടെ ബജരംഗ് ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും വൈദികനെ തടഞ്ഞുവെക്കുകയുമായിരുന്നു. തുടർന്ന് ബെനോഡ പോലീസ് സ്ഥലത്തെത്തി വൈദികനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തു.

എല്ലാ വർഷവും തന്റെ പിറന്നാളിനോട് അനുബന്ധിച്ച് വൈദികരെ വീട്ടിൽ വിളിച്ച് പ്രാർത്ഥന നടത്താറുണ്ടെന്നും ഇതിൽ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലെന്നും വീട്ടുടമ വ്യക്തമാക്കിയിട്ടുണ്ട്. അമരാവതിയിലെ വറൂട് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. കേസ് ജനുവരി 13-ന് കോടതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *