സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടൻ ജയസൂര്യ രംഗത്തെത്തി. ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിൽ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റ് സാമ്പത്തിക ഇടപാടുകളോ ഓഹരി പങ്കാളിത്തമോ തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരസ്യത്തിൽ അഭിനയിക്കുന്നതിനായി രണ്ടു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ആ തുക പോലും തനിക്ക് കൃത്യമായി ലഭിച്ചിട്ടില്ലെന്ന് ജയസൂര്യ പ്രതികരിച്ചു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ജയസൂര്യയെ ചോദ്യം ചെയ്തത്.
ഈ സമയം അദ്ദേഹത്തിന്റെ ഭാര്യയും കൂടെയുണ്ടായിരുന്നു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി കരാറിലേർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിവരങ്ങൾ തേടിയത്. കമ്പനിയുമായി യാതൊരുവിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്നും താൻ ഷെയറുകൾ ഒന്നും ചോദിച്ചിട്ടില്ലെന്നും നടൻ കൂട്ടിച്ചേർത്തു.



