കൊച്ചി: ‘സേവ് ബോക്സ്’ നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയ നടനൊപ്പം ഭാര്യ സരിതയുമുണ്ടായിരുന്നു. സേവ് ബോക്സ് ബിഡ്ഡിങ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.
2019-ൽ ഓൺലൈൻ ലേല സ്ഥാപനമെന്ന പേരിൽ ആരംഭിച്ച സേവ് ബോക്സ് വഴി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നതായാണ് പരാതി. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കുറഞ്ഞ വിലയിലുള്ള ലേലം, ഡെലിവറി ഫ്രാഞ്ചൈസി, ക്രിപ്റ്റോ ഏജൻസി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ആളുകളിൽ നിന്ന് പണം പിരിച്ച ഉടമ തൃശൂർ സ്വദേശി സ്വാതിഖ് റഹീമിനെ 2023-ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമാ മേഖലയിലുള്ള പല പ്രമുഖരും ഈ സംരംഭത്തിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.



