D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം’; തിരുത്തൽ വേണമെന്ന് സിപിഐ
വെള്ളാപ്പള്ളി നടേശനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും, ശബരിമല വിഷയത്തിൽ ജനങ്ങളുടെ സംശയം ദുരീകരിക്കാൻ കഴിയാത്തതിനെയും പാർട്ടി നിശിതമായി വിമർശിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരവും ശബരിമല വിവാദവുമാണെന്ന് സിപിഐ സംസ്ഥാന നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നു. ക്ഷേമാനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടും ഫലം തിരിച്ചടിയായത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ തെളിവാണെന്ന് യോഗം വിലയിരുത്തി.

വെള്ളാപ്പള്ളി നടേശനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും, ശബരിമല വിഷയത്തിൽ ജനങ്ങളുടെ സംശയം ദുരീകരിക്കാൻ കഴിയാത്തതിനെയും പാർട്ടി നിശിതമായി വിമർശിച്ചു. കൂടാതെ, സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതും തിരിച്ചടിയായെന്ന് സിപിഐ ചൂണ്ടിക്കാട്ടി. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഫലപ്രദമായ തിരുത്തൽ നടപടികൾ വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള തിരിച്ചടിയായെന്ന് നേരിട്ട് സമ്മതിക്കാതെയാണ് സിപിഐഎം ഈ വിഷയത്തെ സമീപിക്കുന്നത്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് പരാജയത്തിന് കാരണമെന്നാണ് സിപിഐഎം വിലയിരുത്തൽ. എ. പത്മകുമാറിനെതിരെ കുറ്റപത്രം വന്ന ശേഷം മാത്രമേ നടപടിയുണ്ടാകൂ എന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വിജയിക്കുമെന്ന അമിത ആത്മവിശ്വാസവും നഗരമേഖലകളിലെ സംഘടനാപരമായ വീഴ്ചകളും പരാജയത്തിന് കാരണമായെന്ന് പാർട്ടി വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി ജനുവരി 15 മുതൽ 22 വരെ ഗൃഹസന്ദർശനം നടത്താനും കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യഗ്രഹം സംഘടിപ്പിക്കാനും സിപിഐഎം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *