ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഭീകരവാദികൾക്കൊപ്പം ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ പോലീസിൽ പരാതി. അബ്ദുള്ളക്കുട്ടിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് ഡിജിപിക്ക് പരാതി നൽകിയത്. ഭീകരവാദികളായ ഹാഫിസ് സയീദ്, മസൂദ് അസർ, ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ചിത്രം അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്. "ഇവരിൽ ആരാണ് ഇന്ന് ഇന്ത്യയ്ക്ക് ഏറ്റവും അപകടകാരിയായ വ്യക്തി?" എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ പോസ്റ്റ്.
ഭരണഘടനാപരമായ പദവി വഹിക്കുന്ന പ്രതിപക്ഷ നേതാവിനെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി അപകീർത്തിപ്പെടുത്തുന്നത് ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രചാരണങ്ങൾ സാമൂഹിക സൗഹാർദ്ദം തകർക്കാനും മതവിദ്വേഷം വളർത്താനും കാരണമാകുമെന്നും അനുതാജ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനുള്ള നീക്കമാണിതെന്നും ഇതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.



