പാലക്കാട് ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് - തൗഹിത ദമ്പതികളുടെ മകനാണ് സുഹാൻ. ഏകദേശം 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഞായറാഴ്ച രാവിലെ വീടിന് നൂറ് മീറ്റർ മാത്രം അകലെയുള്ള കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഡോഗ് സ്ക്വാഡ് നേരത്തെ ഈ കുളത്തിന് സമീപം മണം പിടിച്ചെത്തിയിരുന്നു.
വീട്ടിൽ ടിവി കാണുന്നതിനിടെ സഹോദരനുമായി പിണങ്ങി സുഹാൻ പുറത്തിറങ്ങിയതായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഈ സമയം മുത്തശ്ശിയും സഹോദരനും മറ്റ് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. അധ്യാപികയായ മാതാവ് ഈ സമയം സ്കൂളിലായിരുന്നു. വിദേശത്തുള്ള പിതാവ് അനസ് വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി എങ്ങനെയാണ് കുളക്കരയിൽ എത്തിയതെന്നും അപകടം സംഭവിച്ചതെന്നുമാണ് പോലീസ് ഇനി അന്വേഷിക്കുന്നത്.



