കെപിസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് സ്ഥാപക ദിനാചരണത്തിനിടെ ദേശീയഗാനം തെറ്റിച്ചുപാടിയത് വിവാദമാകുന്നു. 'ജനഗണമന' എന്നതിന് പകരം 'ജനഗണമംഗള' എന്നാണ് ചടങ്ങിൽ ആലപിച്ചത്. ഒരു വനിതാ നേതാവ് തെറ്റായി പാടിയത് വേദിയിലുണ്ടായിരുന്ന മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, ദീപ ദാസ് മുൻഷി, വി.എം. സുധീരൻ, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ തിരുത്താൻ ശ്രമിക്കാതെ ഏറ്റുപാടുകയായിരുന്നു. തെറ്റ് മനസ്സിലാക്കിയിട്ടും അത് തിരുത്താതെ ഗാനം പൂർത്തിയാക്കിയാണ് നേതാക്കൾ മടങ്ങിയത്.
മുമ്പ് സമാനമായ രീതിയിൽ ദേശീയഗാനം തെറ്റിച്ചു പാടി വിമർശനം ഏറ്റുവാങ്ങിയ മുൻ ഡിസിസി പ്രസിഡന്റ് പാലോട് രവിയും ഈ ചടങ്ങിൽ സന്നിഹിതനായിരുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന സമരാഗ്നി യാത്രയുടെ സമാപനത്തിനിടെ പാലോട് രവിക്ക് പിണഞ്ഞ അബദ്ധം അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ കെപിസിസി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ വീണ്ടും ദേശീയഗാനം തെറ്റിച്ച ആലപിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.



