കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി രംഗത്തെത്തി. ഇത്തരം വിരട്ടലുകൾ കൊണ്ട് സുബ്രഹ്‌മണ്യനെ പേടിപ്പിക്കാമെന്ന് കരുതേണ്ടെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചു.
സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ചതിനാണ് സുബ്രഹ്‌മണ്യനെതിരെ പോലീസ് നടപടിയെടുത്തത്.ഈ വിഷയത്തിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും മലക്കംമറിച്ചിലുകളെ അബിൻ വർക്കി പരിഹസിച്ചു. ആദ്യം പ്രതിയെ കണ്ടിട്ടില്ലെന്ന് പറഞ്ഞു, പിന്നീട് സംസാരിച്ചിട്ടില്ലെന്ന് തിരുത്തി,
ഒടുവിൽ ഉദ്ഘാടന ചടങ്ങിലെ ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് തന്നെ പുറത്തുവിടേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഎം പ്രവർത്തകരെ ഇതുവരെ പാർട്ടി പുറത്താക്കിയിട്ടില്ല. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിച്ചതോടെ മുഖ്യമന്ത്രി അസ്വസ്ഥനാണെന്നും, എവിടെയോ എന്തോ ദുരൂഹതയുണ്ടെന്നും അബിൻ വർക്കി ആരോപിച്ചു.



