പെരുമ്പാവൂർ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎക്ക് സ്വന്തം ഓഫീസ് കെട്ടിടം നഷ്ടമായി. നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്ന യുഡിഎഫ് കൗൺസിലറുടെ ഭർത്താവായ കെട്ടിട ഉടമയാണ് എംഎൽഎയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഓഫീസിന്റെ ബോർഡ് ഇളക്കിമാറ്റുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
ഇന്ന് രാവിലെ ജീവനക്കാർ എത്തിയപ്പോൾ ബോർഡ് റോഡരികിൽ തള്ളിയ നിലയിലായിരുന്നു.ഡിസംബർ ആദ്യമാണ് പെരുമ്പാവൂർ നഗരസഭയിലെ 20-ാം വാർഡിലെ വീട്ടിലേക്ക് എംഎൽഎ ഓഫീസ് മാറ്റിയത്. ഈ വാർഡിലെ കൗൺസിലറായി വിജയിച്ച ജെസി എജിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം.
ജെസിയെ അധ്യക്ഷയാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും ഡിസിസി ഇടപെട്ട് കെ.എസ്. സംഗീതയെ ചെയർപേഴ്സണായി തിരഞ്ഞെടുത്തു. ഇതിൽ പ്രതിഷേധിച്ചാണ് ഉടമയുടെ നടപടി. വാടക കരാർ നിലവിലില്ലാത്ത സാഹചര്യത്തിൽ ഉടമ കർക്കശ നിലപാട് സ്വീകരിച്ചതോടെ ഓഫീസ് ഇന്ന് തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്ന് എംഎൽഎയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.



