സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനം കാൽനടയാത്രക്കാരനെ ഇടിച്ച് അപകടമുണ്ടായി. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും സ്ഥലത്തെത്തിയ പോലീസിനെയും നടൻ ആക്രമിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് എട്ടരയോടെ എം.സി റോഡിൽ ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നാട്ടകം കോളേജ് ജംഗ്ഷനിലായിരുന്നു സംഭവം. കോട്ടയം ഭാഗത്തുനിന്നും എത്തിയ നടന്റെ കാർ നിയന്ത്രണം തെറ്റി കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സിദ്ധാർത്ഥ് അവരോട് തർക്കിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ പോലീസിനോടും ഇയാൾ മോശമായി പെരുമാറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സിദ്ധാർത്ഥ് പ്രഭുവിനെ ചിങ്ങവനം പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.



