ശബരിമലക്ക് പുറമെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലും മോഷണം നടത്താൻ ഡി മണിയും സംഘവും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. കേരളത്തിൽ നിന്ന് ആയിരം കോടി രൂപയുടെ മോഷണമാണ് ഇവർ പദ്ധതിയിട്ടിരുന്നത്.
ശബരിമലയിലെ സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഡി മണിയെ ചോദ്യം ചെയ്തു. ഡി മണി എന്നത് 'ഡയമണ്ട് മണി' എന്നാണെന്നും ഇയാളുടെ യഥാർത്ഥ പേര് ബാലമുരുകൻ എന്നാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഡി മണി ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി ഒരു വിദേശ വ്യവസായി മൊഴി നൽകിയിട്ടുണ്ട്. രമേശ് ചെന്നിത്തല മുൻപ് സൂചിപ്പിച്ച ഇതേ വ്യവസായി തന്നെയാണ് വിഗ്രഹക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്.
ശബരിമലയിൽ നടന്നത് വെറും സ്വർണ്ണ മോഷണമല്ലെന്നും, അതിനേക്കാൾ വലിയ വിഗ്രഹക്കടത്താണെന്നും ഇയാൾ വെളിപ്പെടുത്തി. 2019-20 കാലഘട്ടത്തിൽ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് വിറ്റതായും, ചെന്നൈ സ്വദേശിയായ ഡി മണിയാണ് ഇവ വാങ്ങിയതെന്നുമാണ് പുറത്തുവരുന്ന വിവരം.



