സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിയുടെ പണവും സ്വർണാഭരണങ്ങളും രേഖകളും അടങ്ങിയ ബാഗ് ട്രെയിൻ യാത്രയ്ക്കിടെ മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപുരിലേക്ക് മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ വെച്ച് ഇന്ന് പുലർച്ചെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. തലയ്ക്കൽ വെച്ചിരുന്ന ബാഗാണ് നഷ്ടപ്പെട്ടതെന്നും ഫോണും പ്രധാന രേഖകളും ഉൾപ്പെടെ ഇതിലുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
യാത്രയ്ക്കിടെ ട്രെയിനിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അധികൃതർ വളരെ നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും പി.കെ. ശ്രീമതി ആരോപിച്ചു. മോഷണം തിരിച്ചറിഞ്ഞ ഉടൻ ട്രെയിനിന്റെ ചെയിൻ വലിച്ചിട്ടും ആരും സഹായത്തിന് എത്തിയില്ലെന്നും പിന്നീട് പോലീസ് എത്തിയിട്ടും പരാതിയിൽ വേണ്ട ഗൗരവം കാണിച്ചില്ലെന്നും അവർ പറഞ്ഞു. തന്റേത് മാത്രമല്ല, മറ്റ് കമ്പാർട്ടുമെന്റുകളിലുള്ള യാത്രക്കാരുടെയും ബാഗുകൾ നഷ്ടപ്പെട്ടതായി വിവരമുണ്ടെന്ന് അവർ വ്യക്തമാക്കി. സംഭവത്തിൽ റെയിൽവേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.



