പി.വി. അൻവറിനെ യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമായി സ്വീകരിച്ചതിന് പിന്നാലെ, കോഴിക്കോട് ബേപ്പൂരിൽ അദ്ദേഹത്തെ പിന്തുണച്ച് യു.ഡി.എഫ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ അൻവർ ബേപ്പൂരിൽ മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ബേപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തും പാർക്കിന് സമീപത്തുമാണ് 'പി.വി. അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം' എന്നെഴുതിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രിക്കും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അൻവർ ഉന്നയിച്ച കടുത്ത വിമർശനങ്ങളാണ് അദ്ദേഹത്തെ യു.ഡി.എഫ് പാളയത്തിലേക്ക് എത്തിച്ചത്. കോഴിക്കോട് കേന്ദ്രീകരിച്ച് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ 'മിനി ക്യാബിനറ്റ്' പ്രവർത്തിക്കുന്നുണ്ടെന്നും റിയാസിനെതിരെ താൻ മത്സരിക്കുമെന്നും അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അൻവറിനെ ബേപ്പൂരിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അണികൾ രംഗത്തെത്തിയിരിക്കുന്നത്. യു.ഡി.എഫ് ഏകോപന സമിതിയുടെ ഔദ്യോഗിക തീരുമാനത്തിന് പിന്നാലെ മലബാറിലെ വിവിധ ഇടങ്ങളിൽ അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.



