ശബരിമലയിലെ സ്വർണ്ണം കവർന്ന കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടൽ തുടരുകയാണെങ്കിൽ അവരുടെ പേരുകൾ വെളിപ്പെടുത്താൻ താൻ നിർബന്ധിതനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂർവ്വമായ സമ്മർദ്ദങ്ങൾ ഉണ്ടായതിനാലാണ് അന്വേഷണം മന്ദഗതിയിലായതെന്ന പ്രതിപക്ഷ ആരോപണം ഹൈക്കോടതി ശരിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി നേരിട്ട് ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതുകൊണ്ടാണ് ഇപ്പോൾ അന്വേഷണം ഇത്രയെങ്കിലും മുന്നോട്ടുപോകുന്നത്. കേസ് സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നുവെങ്കിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ ഇപ്പോൾ അറസ്റ്റ് ചെയ്യുമായിരുന്നില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കണമെന്നും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



