വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയായ രാം നാരായണനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നു. പിടിയിലായ അഞ്ച് പ്രതികളിൽ നാല് പേർ ബിജെപി അനുഭാവികളും ഒരാൾ സിഐടിയു പ്രവർത്തകനുമാണെന്നാണ് റിപ്പോർട്ട്. കേസ് അന്വേഷണത്തിനായി പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും.
കൊല്ലപ്പെട്ട രാം നാരായണൻ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചായിരുന്നു ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചതെന്ന് ആരോപണമുണ്ട്. ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ വ്യക്തമാക്കി. പ്രതികൾക്കെതിരെ എസ്സി/എസ്ടി പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തും. അറസ്റ്റിലായവർ നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. രാം നാരായണന്റെ തലയ്ക്കും മുതുകിനും ഗുരുതരമായി പരിക്കേറ്റതായി റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.



