തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ജാഥ സംഘടിപ്പിക്കും. പുതിയ കേരളത്തെ അവതരിപ്പിക്കുന്നതിനൊപ്പം യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുകയാണ് ലക്ഷ്യം.
തിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും യുഡിഎഫിന്റെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോടൊപ്പം നിന്ന പലരും യുഡിഎഫിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. അടിത്തറ വിപുലീകരിക്കുക എന്നാൽ രാഷ്ട്രീയ പാർട്ടികളെ ചേർക്കൽ മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ജനം കൂടുതൽ വെറുക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി. സഹകരണ സംഘങ്ങളിൽ നിന്ന് 10,000 കോടി രൂപ കടമെടുക്കാനുള്ള സർക്കാർ തീരുമാനം സഹകരണ സംവിധാനത്തെ തകർക്കുമെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫുമായി സഹകരിക്കാൻ താല്പര്യപ്പെട്ട് വന്നവരുമായി മാത്രമാണ് ചർച്ചകൾ നടക്കുന്നത്.
സിപിഐഎമ്മുമായോ ബിജെപിയുമായോ യാതൊരു വിധ സഹകരണത്തിന്റെയോ ചർച്ചയുടെയോ ആവശ്യമില്ല. സർക്കാരിനെതിരായ ജനവികാരം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യുഡിഎഫ് തിളക്കമാർന്ന വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.



