ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും, യഥാർത്ഥ തൊണ്ടിമുതൽ കണ്ടെത്താനാകാതെ പ്രത്യേക അന്വേഷണ സംഘം (SIT) വലയുന്നു. കൃത്യമായി എത്രമാത്രം സ്വർണം നഷ്ടപ്പെട്ടുവെന്ന കാര്യത്തിലും ഇപ്പോഴും വ്യക്തതയില്ല. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് 109 ഗ്രാമും ബെല്ലാരിയിലെ വ്യാപാരി ഗോവർധനിൽ നിന്ന് 475 ഗ്രാമും പോലീസ് പിടിച്ചെടുത്തിരുന്നെങ്കിലും, ഇത് ശബരിമലയിൽ നിന്ന് മോഷ്ടിക്കപ്പെട്ട യഥാർത്ഥ സ്വർണമല്ലെന്നാണ് സൂചന. തട്ടിയെടുത്തതിന് തുല്യമായ അളവിൽ പ്രതികൾ തന്നെ അന്വേഷണ സംഘത്തിന് കൈമാറിയ സ്വർണ്ണമാണിതെന്നാണ് കരുതപ്പെടുന്നത്.
സ്വർണ്ണപ്പാളികളിൽ നിന്ന് ഏകദേശം രണ്ട് കിലോയോളം സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രാഥമിക നിഗമനം. അങ്ങനെയാണെങ്കിൽ പ്രതികളായ പങ്കജ് ഭണ്ഡാരിയിൽ നിന്നും ഗോവർധനിൽ നിന്നും ലഭിച്ച 584 ഗ്രാമിന് പുറമെ ബാക്കിയുള്ള ഒന്നര കിലോയോളം സ്വർണം എവിടെയാണെന്ന ചോദ്യത്തിന് രണ്ട് മാസം പിന്നിട്ടിട്ടും ഉത്തരം നൽകാൻ എസ്.ഐ.ടിക്ക് സാധിച്ചിട്ടില്ല. നിർണ്ണായകമായ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ലാതെ അന്വേഷണം പൂർത്തിയാക്കുന്നത് കേസിനെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.



