കർണാടകയിലെ ഹുബ്ബള്ളിയിൽ ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ മൂന്ന് മാസം ഗർഭിണിയായ പത്തൊമ്പതുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. മാന്യത പാട്ടീൽ എന്ന യുവതിയാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. സംഭവത്തിൽ മാന്യതയുടെ ഭർത്താവ് വിവേകാനന്ദനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും ക്രൂരമായി മർദ്ദനമേറ്റു. കേസിൽ പെൺകുട്ടിയുടെ പിതാവും സഹോദരനും ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാഹശേഷം ഹുബ്ബള്ളിയിൽ നിന്ന് ഹാവേരിയിലേക്ക് താമസം മാറിയിരുന്ന മാന്യതയും ഭർത്താവും അടുത്തിടെയാണ് തിരികെ എത്തിയത്. ഇവർ ഹുബ്ബള്ളിയിൽ എത്തിയ വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ, ഭർത്താവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ മർദ്ദിക്കുകയും മാന്യതയെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഇതര ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.



