തമിഴ്‌നാട്: തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് മക്കളടക്കം അഞ്ച് പേർ അറസ്റ്റിലായി. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി. ഗണേശനാണ് (56) അതിക്രൂരമായി കൊല്ലപ്പെട്ടത്. ഗണേശന്റെ പേരിൽ മൂന്ന് കോടിയോളം രൂപയുടെ ഇൻഷുറൻസ് പോളിസികൾ ഉണ്ടായിരുന്നു.
ആകെ 13 ഇൻഷുറൻസ് പോളിസികളുള്ള ഈ കുടുംബത്തിന്റെ അവകാശവാദങ്ങളിൽ സംശയം തോന്നിയ ഇൻഷുറൻസ് കമ്പനി പോലീസിൽ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 22-ന് നടന്ന മരണം സ്വാഭാവികമായ പാമ്പുകടിയേറ്റുള്ളതാണെന്ന് കരുതിയെങ്കിലും, ഇൻഷുറൻസ് തുകയ്ക്കായി മക്കൾ കാണിച്ച അമിത തിടുക്കമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മക്കളായ ജി. മോഹൻ രാജ്, ഹരിഹരൻ എന്നിവർക്കൊപ്പം ഇതിന് സഹായം നൽകിയ മൂന്ന് വാടക ഗുണ്ടകളുമാണ് പിടിയിലായത്.
പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ആദ്യം മൂർഖൻ പാമ്പിനെക്കൊണ്ട് കാലിൽ കടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് ഒക്ടോബർ 22-ന് പുലർച്ചെ മറ്റൊരു വിഷപ്പാമ്പിനെക്കൊണ്ട് കഴുത്തിൽ കടിപ്പിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പാമ്പിനെ തല്ലിക്കൊന്ന മക്കൾ, ഗണേശനെ ആശുപത്രിയിലെത്തിക്കാൻ മനഃപൂർവം വൈകിച്ചതായും പോലീസ് കണ്ടെത്തി.



