നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അതിവൈകാരികമായ കുറിപ്പുമായി നടൻ മമ്മൂട്ടി. ശ്രീനിവാസനൊപ്പമുള്ള ഒരു പഴയകാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്. "ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ നിന്നെ" എന്ന ഒരൊറ്റ വരിയിലൂടെ തന്റെ ഉറ്റ സുഹൃത്തിന്റെ വേർപാടിലുള്ള നോവും സ്നേഹവും മമ്മൂട്ടി പ്രകടിപ്പിച്ചു.
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു മമ്മൂട്ടിയും ശ്രീനിവാസനും. അഭിനയത്തിന് പുറമെ, പഴയകാലത്ത് ചില സിനിമകളിൽ മമ്മൂട്ടിക്ക് വേണ്ടി ശ്രീനിവാസൻ ശബ്ദം നൽകിയിട്ടുമുണ്ട്. അഴകിയ രാവണൻ, മഴയെത്തും മുൻപേ, ഒരു മറവത്തൂർ കനവ്, മേഘം, പത്തേമാരി, കഥ പറയുമ്പോൾ തുടങ്ങി ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്.



