കോഴിക്കോട് കാക്കൂർ പുന്നശ്ശേരിയിൽ അഞ്ചു വയസ്സുകാരനായ നന്ദഹർഷനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കോട്ടയിൽ ബിജീഷിന്റെ ഏക മകനായ നന്ദഹർഷൻ, മുത്തച്ഛനൊപ്പം ഉറങ്ങിയ ശേഷം രാവിലെ ആറരയോടെ അമ്മയുടെ മുറിയിലേക്ക് പോയ സമയത്താണ് ദാരുണമായ സംഭവം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം അമ്മ തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. പോലീസ് എത്തിയപ്പോൾ വീടിനുള്ളിലെ കുളിമുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം.
ഉടൻ തന്നെ നരിക്കുനി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.കുട്ടിയുടെ അച്ഛൻ ബിജീഷ് ജോലിക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. പ്രതിയായ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ വർഷങ്ങളായി മാനസികാരോഗ്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്നും മാനസിക അസ്വാസ്ഥ്യമാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



