കൊച്ചി ഇടപ്പള്ളിയിൽ എഴുപതുകാരിയെ വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പ്രതീക്ഷാനഗർ റെസിഡെൻസ് അസോസിയേഷനിലെ സപ്തസ്വര വീട്ടിൽ താമസിക്കുന്ന വനജ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ജോലികഴിഞ്ഞ് മടങ്ങിയെത്തിയ ബന്ധുക്കളാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. തളംകെട്ടിക്കിടക്കുന്ന രക്തത്തിലാണ് മൃതദേഹം കിടന്നിരുന്നത്.
സംഗീതാധ്യാപികയായിരുന്ന വനജ ശാരീരിക അവശതകൾ മൂലം വീടിന് പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നു. അനിയത്തിയുടെ മകളും ഭർത്താവുമാണ് വനജയ്ക്കൊപ്പം താമസിച്ചിരുന്നത്. സംഭവസമയം ഇവർ വീട്ടിലുണ്ടായിരുന്നില്ല. പ്രാഥമിക പരിശോധനയിൽ ഇതൊരു കൊലപാതകമാണെന്ന് സംശയിക്കുന്നതായി എളമക്കര പോലീസ് അറിയിച്ചു. ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.



