D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ടിപി വധക്കേസ് പ്രതികൾക്ക് പരോളിനായി കൈക്കൂലി; ജയിൽ ഡിഐജിക്ക് സസ്പെൻഷൻ ലഭിക്കും
തടവുകാരുടെ ബന്ധുക്കൾ വഴിയാണ് പണം കൈമാറിയിരുന്നത്. ഇത്തരത്തിൽ എട്ട് തടവുകാരിൽ നിന്ന് പണം വാങ്ങിയതിന് വിജിലൻസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ജയിൽ ആസ്ഥാന ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി വിജിലൻസ് റിപ്പോർട്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവർക്ക് വഴിവിട്ട പരോൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നതിനായി ഡിഐജി കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. കൊടി സുനിയിൽ നിന്ന് 1.80 ലക്ഷം രൂപയും അണ്ണൻ സിജിത്തിൽ നിന്ന് 45,000 രൂപയും ഗൂഗിൾ പേ വഴിയാണ് കൈപ്പറ്റിയത്. തടവുകാരുടെ ബന്ധുക്കൾ വഴിയാണ് പണം കൈമാറിയിരുന്നത്. ഇത്തരത്തിൽ എട്ട് തടവുകാരിൽ നിന്ന് പണം വാങ്ങിയതിന് വിജിലൻസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.

വിനോദ് കുമാറിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളത്തിന് പുറമെ ലക്ഷക്കണക്കിന് രൂപ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിനോദ് കുമാറിനെ ഉടൻ സസ്പെൻഡ് ചെയ്തേക്കും. അനധികൃത സ്വത്തുസമ്പാദനത്തിനും കൈക്കൂലി വാങ്ങിയതിനും ഇയാൾക്കെതിരെ കേസെടുക്കാനാണ് വിജിലൻസ് തീരുമാനം.ഒരു മാസത്തിനിടെ ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ 35 ലക്ഷം രൂപയും ഭാര്യയുടെ അക്കൗണ്ടിൽ 40 ലക്ഷം രൂപയും എത്തിയതായാണ് വിവരം.

ജയിൽ സൂപ്രണ്ടായിരുന്ന കാലം മുതൽ തന്നെ ഇയാൾ ഇത്തരം ഇടപാടുകൾ നടത്തിയിരുന്നതായി വിജിലൻസ് സംശയിക്കുന്നു. കൊലക്കേസ് പ്രതികൾക്ക് പുറമെ മയക്കുമരുന്ന് കേസിലെ പ്രതികളെയും ജയിലിൽ വിനോദ് കുമാർ വഴിവിട്ട് സഹായിച്ചിരുന്നതായി റിപ്പോർട്ടിലുണ്ട്. റിമാൻഡ് തടവുകാർക്ക് ജയിലിനുള്ളിൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനും നിശ്ചിത തുക വാങ്ങിയിരുന്നു. വിരമിക്കാൻ വെറും നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് ഉന്നത ഉദ്യോഗസ്ഥനായ വിനോദ് കുമാർ വിജിലൻസ് വലയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *