തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് ചിലരുടെ പ്രചാരവേലയാണ് എന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പൽ അങ്ങനെ മുങ്ങില്ല എന്നും കണക്കുകൾ പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും എം. വി. ഗോവിന്ദൻ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. തോൽവി അംഗീകരിക്കുന്നുണ്ടെങ്കിലും കപ്പൽ മുങ്ങുകയാണെന്നുള്ള പ്രചാരണം തെറ്റാണ്. അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ ഭദ്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളയുടെ പശ്ചാത്തലത്തിൽ എ. പത്മകുമാറിനെതിരെ സി.പി.ഐ.എം. ഉടൻ നടപടിയെടുക്കില്ല എന്നാണ് എം. വി. ഗോവിന്ദൻ വ്യക്തമാക്കിയത്. പത്മകുമാറിനെതിരെ കുറ്റപത്രം വരുമ്പോൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ നടപടിയെക്കുറിച്ച് ആലോചിക്കൂ. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ വിഷയമായോ എന്നും വിശദമായി പരിശോധിക്കും. ശബരിമല വിഷയം മറ്റ് പാർട്ടികൾക്ക് നേട്ടമായിരുന്നെങ്കിൽ ബി.ജെ.പിക്ക് ഇതിലും കൂടുതൽ സീറ്റുകൾ കിട്ടുമായിരുന്നുവെന്നും എം. വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.



